മുതലപ്പൊഴിയിലെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഉന്നതതല യോഗം വിളിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലത്തീൻ സഭാ പ്രതിനിധികളെയും ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാനാണ് തീരുമാനം.
മുഖ്യമന്ത്രി അറിയിച്ചതനുസരിച്ച്, അടിയന്തരമായി നടപ്പാക്കേണ്ട നടപടികൾ ഉടൻ സ്വീകരിക്കും. ദീർഘകാല പരിഹാരങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുതലപ്പൊഴി വിഷയത്തിലെ സുരക്ഷാ പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികൾ നേരിടുന്ന ദുരിതങ്ങളും ബിഗ് ടിവിയുടെ ‘സുപ്രഭാതം വിത്ത് സുജയ പാർവതി’ മോണിംഗ് ഷോയിൽ മൂന്ന് മണിക്കൂർ നീണ്ട പ്രത്യേക പരിപാടിയിലൂടെ സ്ഥലത്തുനിന്ന് വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ബിഗ് ടിവി ചീഫ് എഡിറ്ററും റിപ്പോർട്ടറും ഫിഷറീസ് മന്ത്രിയുടെ ഓഫീസിലെത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതിനെ തുടർന്ന് മന്ത്രിതല ഇടപെടലും ഉണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയും വിഷയത്തിൽ നേരിട്ട് ഇടപെട്ട് ഉന്നതതല യോഗം വിളിക്കാൻ തീരുമാനിച്ചത്. മുതലപ്പൊഴി പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും.
