ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലുകൾക്കിടെ തിരുവനന്തപുരം നഗരസഭയിലെ നിർണായക കൗൺസിൽ യോഗം നാളെ നടക്കും. ബിജെപിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫിന്റെ നീക്കത്തിന് എൽഡിഎഫ് പിന്തുണ നൽകില്ലെന്ന് വ്യക്തമാക്കിയതോടെ രാഷ്ട്രീയ പോരാട്ടം കൂടുതൽ കടുക്കുകയാണ്.നഗരസഭ ചട്ടപ്രകാരം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ ആകെ അംഗങ്ങളുടെ മൂന്നിലൊന്നിന്റെ പിന്തുണ ആവശ്യമാണ്. 20 അംഗങ്ങൾ മാത്രമുള്ള യുഡിഎഫിന് ഒറ്റയ്ക്ക് പ്രമേയം അവതരിപ്പിക്കാൻ കഴിയാത്തതിനാൽ എൽഡിഎഫിന്റെ പിന്തുണയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നിലവിൽ യുഡിഎഫുമായി യാതൊരു സഖ്യവുമില്ലെന്നും അതിനാൽ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്നുമാണ് എൽഡിഎഫിന്റെ നിലപാട്.
എൽഡിഎഫിന്റെ ഈ തീരുമാനം ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്ന് യുഡിഎഫ് ആരോപിച്ചു. എൽഡിഎഫ്–ബിജെപി അന്തർധാരയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ. എസ്. ശബരിനാഥൻ വിമർശിച്ചു.അതേസമയം, 46 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം നഗരസഭ കൗൺസിൽ വീണ്ടും ചേരുന്നത്. അവിശ്വാസ പ്രമേയ നീക്കം മുന്നോട്ടുപോകാനാകാത്ത സാഹചര്യത്തിലും ഭരണസമിതിക്കെതിരായ പ്രതിഷേധം ശക്തമായി തുടരുമെന്ന നിലപാടിലാണ് യുഡിഎഫ്.
