നിയുക്ത യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി തലസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പത്ത് വർഷത്തിന് ശേഷമാണ് സെഞ്ച്വറിക്ക് മുകളിലുള്ള തിളക്കത്തോടെ കോൺഗ്രസ് മുന്നണി വീണ്ടും അധികാരത്തിലെത്തുന്നത്.അതുകൊണ്ടുത്തന്നെ ചടങ്ങ് വലിയ രാഷ്ട്രീയ സംഗമമാക്കാനാണ് നീക്കം.കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രി സത്യപ്രത്ജ്ഞ ചെയ്യുമ്പോൾ ഒരു ലക്ഷത്തിലധികം ആളുകൾ കാണാൻ സദസ്സിൽ ഉണ്ടാകണമെന്നാണ് പ്ലാൻ.അതുകൊണ്ടുതന്നെ സെൻട്രൽ സ്റ്റേഡിയമാണ് തെരഞ്ഞെടുത്തത്.
സത്യപ്രതിജ്ഞ ചടങ്ങിൽ സാക്ഷിയാകാൻ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും , മല്ലികാർജുൻ ഖാർഗയും എത്തുമെന്ന് ഉറപ്പാണ്. വി ഡി സതീശനും പുതിയ ടീമിനും കരുത്തായി തെലങ്കാന മുഖ്യമന്ത്രി രെവന്ത് റെഡിയുമടക്കം രാജ്യത്തെ നിരവധി പ്രമുഖ നേതക്കളും എത്തും. പൂർണ്ണ മന്ത്രിസഭയാകും സത്യപ്രതിജ്ഞ ചെയ്യുകയെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.സത്യപ്രതിജ്ഞക്കുള്ള പന്തൽ നിർമ്മാണം അടക്കമുള്ള ഒരുക്കങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുങ്ങിക്കഴിഞ്ഞു.നഗരത്തിൽ വലിയ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ ട്രാഫിക് നിയന്ത്രണങ്ങളും തിങ്കളാഴ്ച ഉണ്ടാകുന്നത് ഉറപ്പാണ്.
