മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായ പശ്ചാത്തലത്തിൽ, ഇത്തവണ തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം.
സർക്കാരും തിരുവമ്പാടി ദേവസ്വം, പാറമേക്കാവ് ദേവസ്വം എന്നിവരും നടത്തിയ ചർച്ചയിലാണ് അന്തിമ തീരുമാനം. ആചാരപരമായ ചടങ്ങുകൾക്ക് പ്രാധാന്യം നൽകി പൂരം നടത്തുമെന്നാണ് ദേവസ്വങ്ങൾ അറിയിച്ചത്.
പ്രധാന ആകർഷണമായിരുന്ന വെടിക്കെട്ട് ഇത്തവണ പൂർണമായും ഒഴിവാക്കും. സാധാരണയായി ഒരു മണിക്കൂറോളം നീളുന്ന കുടമാറ്റം വെറും 15 മിനിറ്റായി ചുരുക്കും. ഏകദേശം 10 സെറ്റ് കുടകൾ മാത്രമാകും ഉപയോഗിക്കുക.
അതേസമയം, മേളവും എഴുന്നള്ളിപ്പും ഉൾപ്പെടെയുള്ള പ്രധാന ആചാരങ്ങളിൽ മാറ്റമുണ്ടാകില്ല. വെടിക്കെട്ടിന് പകരം പ്രതീകാത്മകമായി കതിന പൊട്ടിക്കുന്നതാണ് പദ്ധതി. എഴുന്നള്ളിപ്പ്, മഠത്തിൽ വരവ്, തെക്കോട്ടിറക്കം എന്നിവ പതിവുപോലെ തന്നെ നടക്കും.
പൂരം നടത്തണമെന്ന നിലപാടുമായാണ് ദേവസ്വങ്ങൾ എത്തിയതെങ്കിലും, സർക്കാരുമായുള്ള ചർച്ചയിലാണ് സമവായം ഉണ്ടായത്. യോഗത്തിൽ മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ, കെ രാജൻ എന്നിവരും, കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയും പങ്കെടുത്തു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയും ആചാരങ്ങളും തമ്മിൽ സമതുലിതത്വം പുലർത്തിയുള്ള പൂരം നടത്താനാണ് ഇത്തവണ തീരുമാനം.
പൊലിമ കുറച്ച് തൃശൂർ പൂരം; വെടിക്കെട്ട് ഒഴിവാക്കി
