പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മേഖലയിൽ വന്യജീവി ഭീഷണി വീണ്ടും രൂക്ഷമാകുന്നു. വിവിധ ഇടങ്ങളിൽ പുലിയുടെയും കാട്ടാനയുടെയും സാന്നിധ്യം റിപ്പോർട്ട് ചെയ്തതോടെ ജനവാസ മേഖലകളിൽ ആശങ്ക തുടരുന്നു. വന്യജീവികൾ പതിവായി നാട്ടിലിറങ്ങുന്നത് ജീവിതം ദുസ്സഹമാക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഇന്നലെ രാത്രിയാണ് കോട്ടോപ്പാടം ഭീമനാട് തെയ്യോട്ട്ചിറ റോഡിൽ പുലിയെ കണ്ടതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം കോട്ടോപ്പാടം പാറപ്പുറത്ത് ഒരു തെരുവുനായയെ പുലി ആക്രമിച്ച് കൊന്നിരുന്നു. ഇതേ പുലിയാകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. പുലിയെ പിടികൂടുന്നതിനായി പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ച മണ്ണാർക്കാട് മെഴുകുംപാറയിൽ മറ്റൊരു പുലി കൂട്ടിൽ കുടുങ്ങിയിരുന്നു. എന്നിട്ടും സമീപ പ്രദേശങ്ങളിൽ വീണ്ടും പുലി സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത് നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുകയാണ്. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് പല ഗ്രാമങ്ങളിലുമുള്ളത്.
അതേസമയം, മണ്ണാർക്കാട് തത്തേങ്ങലം മേഖലയിൽ ജനവാസ പ്രദേശത്തിറങ്ങിയ കാട്ടാനയും പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം കരുവാരകുണ്ട് ഭാഗത്ത് നിന്ന് വനംവകുപ്പ് തുരത്തിയ കാട്ടാനയാണ് വീണ്ടും തിരിച്ചെത്തിയതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കുന്തിപ്പുഴ കടന്ന് പുളിഞ്ചോട് ഭാഗത്തുകൂടി എത്തിയ ആന പിന്നീട് തത്തേങ്ങലം മലയിലേക്ക് കയറിപ്പോയി.
തുടർച്ചയായി പുലിയും കാട്ടാനയും ജനവാസ മേഖലകളിൽ എത്തുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുകയാണ്. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
