തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും തുന്നലിട്ട് വിട്ട രോഗിയുടെ കാലിലെ മുറിവിൽ നിന്നും രണ്ടുമാസത്തിനു ശേഷം മരക്കഷണം കണ്ടെത്തി.ഭരതന്നൂർ സ്വദേശി വി മധുവിന്റെ കാലിൽ നിന്നാണ് മരക്കഷ്ണങ്ങൾ പുറത്തെടുത്തത്.മാർച്ച് 21നാണ് മരത്തിൽ നിന്ന് വീണ് 57 കാരനായ മധുവിന് ഇടതു കാലിൽ പരിക്കേൽക്കുന്നത്.ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ മധുവിനെ മുറിവ് ഗുരുതരമായതിനാലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. ആദ്യം എക്സറേ എടുത്തപ്പോൾ കണ്ട രണ്ട് കല്ലുകൾ പുറത്തെടുത്ത് മുറിവിൽ 12 തുന്നലിട്ടു. തുടർന്ന് ഭരതന്നൂർ നെല്ലിക്കുന്ന് ആശുപത്രിയിൽ ഒരു മാസത്തിലധികം മുറിവ് ഡ്രസ്സിങ്ങിനായി എത്തി. പക്ഷെ മുറിവ് ഉണങ്ങിയില്ല. മുറിവിൽ നിന്ന് പഴുപ്പ് വരുന്നത് തുടർന്നതോടെയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുന്നത്.രണ്ട് മാസത്തിനു ശേഷം ഇന്നലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് മരക്കഷ്ണവും അതിന്റെ പൊടികളും പുറത്തെടുത്തത്. 5 സെന്റീമീറ്റർ നീളവും 3 cm വീതിയും വരുന്ന മരക്കഷണം ആണ് പുറത്തെടുത്തത്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാ പിഴവ്; രോഗിയുടെ കാലിൽ നിന്ന് 2 മാസത്തിന് ശേഷം മരക്കഷണം പുറത്തെടുത്തു
