സംസ്ഥാനത്ത് വ്യാജ പാരാമെഡിക്കൽ കോളേജുകൾ വർധിക്കുന്നതായി ആരോപണം. ഉത്തരേന്ത്യൻ സർവകലാശാലകളുടെ പേരിൽ അംഗീകാരമില്ലാത്ത പാരാമെഡിക്കൽ കോഴ്സുകളും വ്യാജ മെഡിക്കൽ ഡിഗ്രികളും വാഗ്ദാനം ചെയ്ത് വിദ്യാർഥികളെ വലയിലാക്കുന്നതായാണ് പരാതി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തി.
ബി.എസ്.സി നഴ്സിങ്, ജനറൽ നഴ്സിങ്, ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള കോഴ്സുകൾ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ അംഗീകാരമോ ഇല്ലാതെ നടത്തുന്നതായാണ് ആരോപണം. സംസ്ഥാനത്തിന് പുറത്തുപോയി പഠിക്കേണ്ട ആവശ്യമില്ലെന്ന് വിദ്യാർഥികളെ വിശ്വസിപ്പിച്ചാണ് പ്രവേശനം നടത്തുന്നത്. കേരളത്തിലെ പ്രമുഖ കോളേജുകളുടെയും ആശുപത്രികളുടെയും പേര് ദുരുപയോഗം ചെയ്ത് വിദ്യാർഥികളെ ആകർഷിക്കുന്നതായും പരാതിയുണ്ട്.
പഠനത്തിന്റെ ഭാഗമായി ആവശ്യമായ പ്രായോഗിക പരിശീലനം ലഭിക്കാതെ തിയറി ക്ലാസുകളിൽ മാത്രം ഒതുങ്ങേണ്ട സാഹചര്യമാണുള്ളതെന്നും, പിന്നീട് പരീക്ഷയും സർട്ടിഫിക്കറ്റും ലഭ്യമാക്കുമെന്ന വാഗ്ദാനത്തിലൂടെയാണ് തട്ടിപ്പ് നടക്കുന്നതെന്നും ആരോപണമുണ്ട്.
സംസ്ഥാനത്ത് ഇത്തരത്തിൽ പ്രവർത്തിക്കുന്ന 25 സ്ഥാപനങ്ങൾ കണ്ടെത്തിയതായി CHECK സംഘടന അറിയിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും, വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാൻ അടിയന്തര അന്വേഷണം നടത്തി ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.
