അടൂരിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. പഴകിയ മീൻ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് വിവിധ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്തത്. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ നിന്നാണ് ഏറ്റവും കൂടുതൽ പഴകിയ ഭക്ഷണം കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് അടൂർ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. പത്തനംതിട്ട ജില്ലയിലെ പ്രധാന ഫുഡ് സ്പോട്ടായ അടൂർ ബൈപ്പാസിലെ ഹോട്ടലുകളിലായിരുന്നു പ്രധാനമായും പരിശോധന.
എസ്.എൻ. ഹോട്ടൽ, രാജധാനി, ഡിങ്കന്റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, സൺറൈസ്, പഴങ്കഞ്ഞിക്കട, അൽ റാസി തുടങ്ങിയ ഹോട്ടലുകളിലും ഹോളിക്രോസ് ആശുപത്രി കാന്റീനിലുമാണ് പരിശോധന നടത്തിയത്.
പരിശോധന നടത്തിയ ഭൂരിഭാഗം ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തതായി ആരോഗ്യവിഭാഗം അറിയിച്ചു.രാജധാനി ഹോട്ടലിൽ നിന്ന് 50 കിലോ പഴകിയ മീനാണ് പിടിച്ചെടുത്തത്. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംഘടനാ നേതാവിന്റെ ഹോട്ടലിൽ നിന്നാണ് ഇത്രയധികം പഴകിയ ഭക്ഷണം പിടികൂടിയത്. ഇതിനിടെ പരിശോധന തടസ്സപ്പെടുത്താനും ചില ഹോട്ടലുടമകൾ ശ്രമിച്ചതായി അധികൃതർ അറിയിച്ചു.
ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും ബന്ധപ്പെട്ട ഹോട്ടലുകൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.
