ശബരിമല കയറിയ യുവതികൾ വിശ്വാസികളാണോയെന്ന് സുപ്രിംകോടതി. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം പുരോഗമിക്കുന്നതിനിടെ, ജസ്റ്റിസ് ബി വി നാഗരത്നയാണ്, നിർണായക ചോദ്യം ഉയർത്തിയത്. മലകയറിയ ബിന്ദു അമ്മിണി, കനക ദുർഗ എന്നിവർ വിശ്വാസികളാണോ എന്നായിരുന്നോ കോടതിയുടെ ചോദ്യം.
എന്നാൽ ഒരു വ്യക്തി വിശ്വാസി ആണോയെന്ന് തീരുമാനിക്കാൻ കോടതിക്കോ സർക്കാരിനോ അധികാരമില്ലെന്നും, താൻ അയ്യപ്പനിൽ വിശ്വസിക്കുന്നുവെന്ന് ഒരാൾ പറഞ്ഞാൽ അത് അംഗീകരിക്കപ്പെടണമെന്നും അഭിഭാഷകർ മറുപടി നൽകി. മലകയറുന്നവർ വിശ്വാസികളാണോ അല്ലയോ എന്നതല്ല, മറിച്ച് കോടതി വിധി നിലനിൽക്കെ അവർക്ക് ദർശനം നടത്താൻ സാധിച്ചോ എന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് ഇന്ദിര ജെയ്‌സിംഗ് കോടതിയെ അറിയിച്ചു.
അതേസമയം അനൂകൂലിക്കുന്നവരുടെ വാദം പൂർത്തിയായ ശേഷം സർക്കാർ വാദം തുടങ്ങും. നേരത്തെ യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം സുപ്രീം കോടതിയിൽ പൂർത്തിയായിരുന്നു.
അതിനിടെ ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതി വീണ്ടും നിർണായക നിരീക്ഷണം നടത്തി. മതാചാരങ്ങൾ ഏതെന്നോ എന്തെന്നോ കോടതികളോ സർക്കാരുകളോ അല്ല തീരുമാനിക്കേണ്ടത് എന്ന് ജസ്റ്റിസ് നാഗരത്‌ന നീരീക്ഷിച്ചു. മതങ്ങൾക്ക് ഈക്കാര്യത്തിൽ സ്വാതന്ത്ര്യം ഉണ്ടെന്നും നീരിക്ഷണമുണ്ട്.
