ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ സംഘടനാ നേതൃത്വത്തിനെതിരെയും സിപിഐഎം നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനം. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം സംഘടനയിലെ പ്രായപരിധി മാനദണ്ഡം പാലിക്കുന്നില്ലെന്ന വിമർശനവും, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചില പരാമർശങ്ങൾ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലും സമ്മേളനത്തിൽ ഉയർന്നു.
സംസ്ഥാനത്ത് പ്രായപരിധിയുടെ പേരിൽ മേഖല, ബ്ലോക്ക് ഭാരവാഹികളെ മാറ്റുമ്പോൾ 46-ാം വയസ്സിലും എ.എ. റഹീം ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ തുടരുന്നതെന്തിനാണെന്ന് പ്രതിനിധികൾ ചോദിച്ചു. സംഘടന പ്രായപരിധി കർശനമായി നടപ്പാക്കണമെന്നും ആവശ്യമുയർന്നു.
“വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന” പിണറായി വിജയന്റെ പരാമർശം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സമ്മേളനത്തിൽ വിമർശനം ഉയർന്നത്. നേതാക്കളുടെ ധാർഷ്ട്യവും അഹങ്കാരവുമാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതെന്നും, സമീപനത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ വീണ്ടും അധികാരത്തിലെത്തുക പ്രയാസമാകുമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലിരുന്നിട്ടും കലാലയങ്ങളിൽ വിദ്യാർഥി സംഘടനാ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും, വിദ്യാർഥി-യുവജന വിഷയങ്ങളിൽ ശക്തമായ സമരങ്ങൾ ഏറ്റെടുക്കുന്നതിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു.
