കോട്ടയം ഏറ്റുമാനൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ വാൾ വീശിയും കത്തി മുനയിൽ നിർത്തിയും ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർന്നു. ഇന്നലെ അർധരാത്രിയിലാണ് ഹെൽമെറ്റ് ധരിച്ചെത്തിയ എട്ടംഗ സംഘം പൂവ്വത്തുംമൂടിലെ തൊഴിലാളികളുടെ വാടക ഷെഡിൽ അതിക്രമിച്ച് കയറിയത്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
തൊഴിലാളികൾ താമസിക്കുന്ന ഷെഡിലേക്ക് എത്തിയ സംഘം വാളും കത്തിയും വീശി പണം ആവശ്യപ്പെടുകയായിരുന്നു. തൊഴിലാളികൾ എതിർത്തതോടെ മർദ്ദിക്കുകയും ബാഗിലും കീശയിലുമുണ്ടായിരുന്ന പണവും മൊബൈൽ ഫോണുകളും കവരുകയായിരുന്നു.അക്രമത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരുക്കേറ്റു. ഏകദേശം ഒരു ലക്ഷം രൂപയും ഏഴ് മൊബൈൽ ഫോണുകളുമാണ് നഷ്ടമായത്.
സംഭവത്തിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.പ്രദേശവാസികളായവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വർഷങ്ങളായി ഇവിടെ താമസിക്കുന്ന തൊഴിലാളികൾക്ക് ആദ്യമായാണ് ഇത്തരമൊരു അനുഭവം. അധ്വാനിച്ചുണ്ടാക്കി നാട്ടിലേക്ക് അയക്കാനായി സൂക്ഷിച്ചിരുന്ന പണം നഷ്ടമായതിന്റെ ആശങ്കയിലാണ് തൊഴിലാളികൾ
