ഫിഷറീസ് വകുപ്പിലെ പിഎസ് സി പരീക്ഷാ ചോദ്യചോർച്ചയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി ഉദ്യോഗാർത്ഥികൾ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ പരാതി. ഫിഷറീസ് വകുപ്പിലെ നിയമനങ്ങളിൽ എസ്ഐടി അന്വേഷണം നടത്തുമെന്ന് യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഫിഷറീസ് ഓഫീസർ, പ്രോജക്ട് ഓഫീസർ തസ്തികകളിലേക്ക് നടന്ന പിഎസ് സി പരീക്ഷയിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കുഫോസിൽ പഠിച്ചിറങ്ങിയവർ തന്നെ ചോദ്യങ്ങൾ തയ്യാറാക്കിയെന്നും ഇതുവഴി ചോദ്യചോർച്ചയ്ക്ക് സാഹചര്യമൊരുങ്ങിയെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം.
നേരത്തെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ നൽകിയ പരാതിയിൽ സ്വതന്ത്ര അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. എന്നാൽ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. ഫിഷറീസ് വകുപ്പിലെ നിയമനങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.ഡെപ്യൂട്ടേഷൻ നിയമനങ്ങളിലെ ക്രമക്കേടുകളിലും നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഫിഷറീസ് വകുപ്പിലേക്ക് നടന്ന മറ്റ് നിയമനങ്ങളിലും പരിശോധന നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
