സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പുവരുത്തുന്ന പ്രിയദർശനി പദ്ധതിയോടെ പ്രതിസന്ധിയിലായി സ്വകാര്യ ബസ്മേഖല. വയനാട്ടിൽ നിന്ന് ബസ് ഉടമകളും തൊഴിലാളികളും സൂചന പണിമുടക്ക് നടത്തി. കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയായിരുന്നു പ്രതിഷേധം.കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ ആരോപണം. വരുമാനം ഇടിഞ്ഞതിനാൽ ഇന്ധനച്ചെലവും തൊഴിലാളികളുടെ വേതനവും ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകൾ വഹിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഉടമകൾ പറയുന്നു.
വയനാട്ടിൽ മാത്രം സർവീസ് നിർത്തിവയ്ക്കുന്നതിനുള്ള ജി-ഫോം അപേക്ഷ 400 ഓളം ബസുകളുടെ ഉടമകൾ ആർടിഒയ്ക്ക് കൈമാറിയിട്ടുണ്ട്. ജൂലൈ 1 മുതൽ വയനാട്, കോഴിക്കോട്, കാസർഗോഡ്, എറണാകുളം, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിലായി ഏകദേശം 800 സ്വകാര്യ ബസുകൾ സർവീസ് നിർത്തുമെന്ന് ബസ് സംഘടനകൾ അറിയിച്ചു.വയനാട് കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. സ്വകാര്യ ബസുകൾ കൂട്ടത്തോടെ സർവീസ് നിർത്തിയാൽ സംസ്ഥാനത്തെ പൊതുഗതാഗത മേഖലയിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
