ഇഡി അന്വേഷിക്കുന്ന കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ ഇന്ന് നിർണായക കോടതി നടപടി. വിചാരണ നടപടികൾക്ക് മുന്നോടിയായി കേസ് പിഎംഎൽഎ കോടതി പരിഗണിക്കും. രണ്ടാംഘട്ട കുറ്റപത്രത്തിൽ ഉൾപ്പെട്ട സിപിഎം നേതാക്കളായ എ.സി. മൊയ്തീൻ, എം.എം. രാധാകൃഷ്ണൻ എന്നിവരടക്കമുള്ള 28 പ്രതികളോടും ഇന്ന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിപിഎം പാർട്ടിയും നേതാക്കളും കേസിൽ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കേസിൽ സിപിഎം പാർട്ടിയുൾപ്പെടെ ആകെ 83 പേരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രതിചേർത്തിരിക്കുന്നത്.
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് അനധികൃതമായി വായ്പകൾ അനുവദിച്ച് ലഭിച്ച കമ്മിഷൻ ഉപയോഗിച്ച് സിപിഎം പാർട്ടിക്കായി സ്വത്തുക്കൾ വാങ്ങിയെന്നാണ് ഇഡിയുടെ ആരോപണം. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ് സാമ്പത്തിക ഇടപാടുകൾ നടന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
