പത്തനംതിട്ടയിൽ യുഡിഎഫ് തരംഗം. അഞ്ചിൽ നാല് മണ്ഡലങ്ങൾ പിടിച്ചെടുത്ത് ജില്ലയിൽ കോൺഗ്രസ് നേതൃത്വം ശക്തമായ തിരിച്ചുവരവ് കുറിച്ചു. എൽഡിഎഫിന് പിടിച്ചുനിൽക്കാനായത് കോന്നിയിൽ മാത്രം.മുൻപ് എങ്ങും കാണാത്ത വിധത്തിൽ ഉള്ള ഒത്ത് ഒരുമയോട് കൂടിയുള്ള പ്രചാരണമായിരുന്നു ജില്ലയിൽ ഐക്യ ജനാധിപത്യ മുന്നണിയുടേത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ആറന്മുളയിലെ അബിൻ വർക്കിയുടെ വിജയം. സ്ഥാനാർഥി നിർണയ ഘട്ടിൽ എതിർപ്പുകൾ ഉയർന്ന മണ്ഡലം ആയിരുന്നു ആറന്മുള. എന്നാൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം എണ്ണയിട്ട യന്ത്രം പോലെ ആയിരുന്നു ആറന്മുളയിലെ udf പ്രചാരണം. അതിന്റെ ഫലമാണ് അബിൻ വർക്കി നേടിയ 19,000 തിൽ പരം ഭൂരിപക്ഷത്തിന്റെ ജയം.ആദ്യം റൗണ്ടിൽ ലീഡ് നേടിയ അബിൻ വർക്കി ഓരോ റൗണ്ട് പിന്നിടുമ്പോഴും ഭൂരിപക്ഷം പടിപടിയായി ഉയർത്തിയാണ് വിജയത്തിലേക്ക് എത്തിയത്.
30 വർഷം എൽഡിഎഫ് കൈവശം വെച്ചിരുന്ന റാന്നി യുഡിഎഫ് സ്വന്തമാക്കി. 4334 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പഴകുളം മധു വിജയിച്ചതോടെ കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന് ജില്ലയിൽ നിലനിന്നിരുന്ന ഏക സീറ്റും നഷ്ടമായി. മൂന്ന് തവണ എൽഡിഎഫിനൊപ്പമുണ്ടായിരുന്ന അടൂർ ഈ തവണ യുഡിഎഫിലേക്ക് വഴിമാറി. സി വി ശാന്തകുമാർ 10332 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. സിപിഐയ്ക്ക് ഇവിടെ വലിയ തിരിച്ചടിയാണ്.
20 വർഷമായി എൽഡിഎഫ് കൈവശം വെച്ചിരുന്ന തിരുവല്ലയും യുഡിഎഫ് പിടിച്ചെടുത്തു. 10146 വോട്ടുകൾക്കാണ് വർഗീസ് മാമ്മൻ വിജയിച്ചത്. ചരിത്രത്തിൽ ആദ്യമായി ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തെത്തി.കോന്നിയിൽ മാത്രമാണ് എൽഡിഎഫ് ആശ്വാസം കണ്ടെത്തിയത്. കെ യു ജനീഷ് കുമാർ 1838 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സതീഷ് കൊച്ചുപറമ്പിലിനെ പരാജയപ്പെടുത്തി. അവസാന റൗണ്ട് വരെ കടുത്ത പോരാട്ടമാണ് നടന്നത്.
