സംസ്ഥാനത്ത് ലഹരിവ്യാപനത്തിനെതിരെ പൊലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ ആദ്യ മാസത്തെ കണക്കുകൾ പുറത്ത്. വിവിധ ജില്ലകളിലായി നടത്തിയ പരിശോധനകളിൽ 439.645 കിലോ കഞ്ചാവും 3.877 കിലോ എംഡിഎംഎയും പിടികൂടിയതായി പൊലീസ് അറിയിച്ചു. ഒരു മാസത്തിനിടെ 5,997 കേസുകൾ രജിസ്റ്റർ ചെയ്യുകയും 6,439 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പിടിച്ചെടുത്ത ലഹരി വസ്തുക്കളിൽ ഏറ്റവും കൂടുതലും കഞ്ചാവാണ്. എറണാകുളം റൂറൽ ജില്ലയിലാണ് ഏറ്റവും കൂടുതൽ കഞ്ചാവ് പിടികൂടിയത്. ഇവിടെ നിന്ന് 102.772 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. 40.178 കിലോഗ്രാം കഞ്ചാവുമായി കണ്ണൂർ റൂറൽ രണ്ടാം സ്ഥാനത്തും 37.361 കിലോഗ്രാമുമായി തൃശൂർ സിറ്റി മൂന്നാം സ്ഥാനത്തുമാണ്. പിടിച്ചെടുത്തവയിൽ ഹൈബ്രിഡ് കഞ്ചാവും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
എംഡിഎംഎ പിടിച്ചെടുക്കലിൽ മലപ്പുറമാണ് ഒന്നാം സ്ഥാനത്ത്. ഇവിടെ നിന്ന് 1.121 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 574 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കൊച്ചി സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.സംസ്ഥാന വ്യാപകമായി ലഹരി ശൃംഖലകൾ തകർക്കുന്നതിനായി ആരംഭിച്ച പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ഇത്രയും വൻ തോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാൻ തുടർന്നും ശക്തമായി നടപ്പാക്കുമെന്നും ലഹരി വ്യാപനത്തിനെതിരെ കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
