പത്തനംതിട്ട കോന്നി കാട്ടാത്തി ഉന്നതിയിൽ കാണാതായ ഊരുമൂപ്പൻ മോഹൻദാസിനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു. അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഇലന്തൂർ നരബലി കേസിൽ ഉൾപ്പെടെ നിർണായക തെളിവുകൾ കണ്ടെത്താൻ സഹായിച്ച ‘മായ’ എന്ന കഡാവർ നായയെ ഉപയോഗിച്ചാണ് തിരച്ചിൽ.കഴിഞ്ഞ ശനിയാഴ്ചയാണ് 70-കാരനായ മോഹൻദാസിനെ കാണാതായത്. 2023-ലെ ഒരു പോലീസ് കേസുമായി ബന്ധപ്പെട്ട് സമൻസ് ലഭിച്ചതിന് പിന്നാലെ അദ്ദേഹം കാട്ടിലേക്ക് പോയതാണെന്നാണ് കുടുംബത്തിന്റെ വിശദീകരണം.
വനംവകുപ്പും പോലീസും ഒരാഴ്ചയായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി നൽകിയതോടെയാണ് കഡാവർ നായയെ എത്തിച്ച് അന്വേഷണം ശക്തമാക്കിയത്.
2023-ലെ കേസ് ഒത്തുതീർപ്പാക്കിയതാണെന്നും, സമൻസ് ലഭിച്ചതിനെ തുടർന്ന് മാനസിക വിഷമത്തിലായിരുന്ന മോഹൻദാസ് കാട്ടിലേക്ക് പോയതാകാമെന്നുമാണ് കുടുംബത്തിന്റെ വിശദീകരണം. കേസ് ഒത്തുതീർപ്പാക്കാൻ കോന്നി പൊലീസ് പണം വാങ്ങിയെന്ന ആരോപണവും കുടുംബം ഉന്നയിച്ചിട്ടുണ്ട്.
