കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയ മുടങ്ങിയെന്ന ബിഗ് ടിവി വാർത്തയിൽ ഇടപെട്ട് ആരോഗ്യവകുപ്പ്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ലൈസൻസുള്ള ഡോക്ടർമാരെ വേഗത്തിൽ നിയമിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രണ്ട് വർഷത്തോളമായി കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റ ശസ്ത്രക്രിയ മുടങ്ങിയിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് ലൈസൻസുള്ള വകുപ്പ് മേധാവി തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയതോടെയാണ് ചികിത്സ നിലച്ചത്. പത്ത് രോഗികൾ ശസ്ത്രക്രിയയ്ക്കായി അപേക്ഷ നൽകി കാത്തിരിക്കുന്ന വിവരവും ബിഗ് ടിവി റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ നാല് ഡോക്ടർമാരെ നിയമിക്കുന്ന കാര്യം ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്. ഇവർക്ക് ആവശ്യമായ പരിശീലനം നൽകി വേഗത്തിൽ ലൈസൻസ് ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ചികിത്സയ്ക്കായി അപേക്ഷ നൽകി കാത്തിരിക്കുന്ന രോഗികളിൽ അടിയന്തര സ്വഭാവമുള്ള കേസുകൾക്ക് മുൻഗണന നൽകുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2022 ഫെബ്രുവരിയിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റ ശസ്ത്രക്രിയ ആരംഭിച്ചത്. 2024 നവംബറിൽ പദ്ധതി നിലച്ചതോടെ ആശുപത്രി അധികൃതർ പലതവണ സർക്കാരിനെ സമീപിച്ചിരുന്നു. പുതിയ ഇടപെടലിലൂടെ കരൾമാറ്റ ശസ്ത്രക്രിയ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതരും രോഗികളും
