എം.ജി സർവകലാശാലയിൽ നാഷണൽ കോൺഫറൻസിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലെക്സിലെ ‘പാറ്റ’യുടെ ചിത്രം വിവാദത്തിൽ.എബിവിപിയുടെ പരാതിയെ തുടർന്ന് ഫ്ലെക്സ് നീക്കാൻ വൈസ് ചാൻസലർ നിർദേശിച്ചു.എന്നാൽ വിദ്യാർത്ഥി മുന്നേറ്റത്തിന്റെ പ്രതീകമാണ് ജന്തർ മന്ദറിലെ പ്രതിഷേധമെന്നും ഫ്ലെക്സ് മാറ്റില്ലെന്നും സർവകലാശാല യൂണിയൻ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സർവകലാശാല പരിസരത്ത് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചത്. കലയും സാഹിത്യവുമെല്ലാം സൂചിപ്പിക്കുന്ന നിരവധി ബോർഡുകളാണ് യൂണിയൻ സ്ഥാപിച്ചത്. അതിലൊന്നിലാണ് ഷൂവും അതിന് മുന്നിൽ നിൽക്കുന്ന പാറ്റയും ഇടം പിടിച്ചത്.തുടർന്ന് ഫ്ളക്സിനെ ചൊല്ലി എബിവിപി വൈസ്ചാൻസിലർക്ക് പരാതി നൽകുകയും പരാതി പരിഗണിച്ച വിസി യൂണിവേഴ്സിറ്റി ചിലവിൽ രാഷ്ട്രീയം വേണ്ടന്നും ഫ്ലെക്സ് ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തരവ് ഇറക്കി.എന്നാൽ വിസിയെ തള്ളിയ യൂണിയൻ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു.
വി സി യൂണിവേഴ്സിറ്റിയിൽ ബിജെപി രാഷ്ട്രീയം നടപ്പിലാക്കുന്നുവെന്നാണ് യൂണിയന്റെ ആരോപണം. എബിവിപിയെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മറ്റ് വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി.ഇതിനിടെ, നീക്കം ചെയ്യാൻ നിർദേശിച്ച ചിത്രമുള്ള കൂടുതൽ ഫ്ലെക്സുകൾ വിദ്യാർഥികൾ സർവകലാശാലാ പരിസരത്ത് സ്ഥാപിച്ചു.ഫ്ലെക്സ് നീക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, അടുത്ത മാസം നടക്കുന്ന നാഷണൽ കോൺഫറൻസിലും ഇതേ പ്രതീകം ഉപയോഗിക്കുമെന്നും സർവകലാശാല യൂണിയൻ അറിയിച്ചു.
