കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. കൈയിലെ ഞരമ്പ് മുറിഞ്ഞത് തിരിച്ചറിയാതെ മുറിവ് തുന്നി വിട്ടതിനെ തുടർന്ന് 10 വയസുകാരന് വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടെന്നാണ് പരാതി. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും കുടുംബം പരാതി നൽകി.ഫെബ്രുവരിയിലാണ് കോഴിക്കോട് കന്നൂർ സ്വദേശിയായ സനൽ രാജിന്റെ പത്ത് വയസുകാരനായ മകന് പൊട്ടിയ ഗ്ലാസ് കൊണ്ട് കൈവിരലിന് പരിക്കേറ്റത്. ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ എത്തിച്ചെങ്കിലും വിശദമായ പരിശോധന നടത്താതെ മുറിവിൽ രണ്ട് തുന്നൽ ഇട്ട് കുട്ടിയെ വീട്ടിലേക്ക് വിട്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
തുടർന്ന് വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ ഞരമ്പിന് മുറിവുണ്ടായിരിക്കാമെന്ന് അറിയിച്ച് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.പിന്നീട് മെഡിക്കൽ കോളേജിൽ അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് അറ്റുപോയ ഞരമ്പ് കണ്ടെത്തി തുന്നിച്ചേർത്തത്.എന്നാൽ ശസ്ത്രക്രിയ നടത്തിയെങ്കിലും വിരലിന്റെ ചലനശേഷി പൂർണമായി തിരിച്ചുകിട്ടുമോയെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നാണ് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
