പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. അനസ്തേഷ്യ, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധസംഘം ചികിത്സാ രേഖകളും പോസ്റ്റ്മാർട്ടം റിപ്പോർട്ടും വിശദമായി പരിശോധിക്കും. അതേസമയം, പുറത്തുവന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. കുട്ടിക്ക് ഒരു സെന്റിമീറ്ററിൽ താഴെ മാത്രം മുറിവുണ്ടായിരുന്ന സാഹചര്യത്തിൽ ജനറൽ അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമില്ലായിരുന്നുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
അനസ്തേഷ്യ നൽകിയതിന് ശേഷം നൽകേണ്ട മരുന്ന് ഏകദേശം പത്ത് മിനിറ്റ് വൈകിയാണ് നൽകിയതെന്നും, ഈ കാലതാമസം തലച്ചോറിലേക്ക് ആവശ്യമായ അളവിൽ രക്തവും ഓക്സിജനും എത്താതിരിക്കാൻ കാരണമായി മസ്തിഷ്കമരണത്തിലേക്ക് നയിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.മരണകാരണം കൂടുതൽ വ്യക്തമായി കണ്ടെത്തുന്നതിനായി കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട് പയ്യന്നൂർ ഡിവൈഎസ്പിക്ക് കൈമാറിയതായും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
