നഗരസഭാ കൗണ്‍സിലറായിരുന്ന തലാപ്പിൽ അബ്ദുൾ ജലീൽ എന്ന കുഞ്ഞാക്കയെ കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എസ്. സൂരജ് ഇന്ന് വിധി പറയും. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൾ മാജിദ് എന്നിവരാണ് കേസിലെ പ്രതികൾ.
2022 മാർച്ച് 29ന് രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബ്ദുൽ ജലീലും സംഘവും സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൻറെ ലൈറ്റ് കണ്ണിലേക്കടിച്ചെന്ന് പറഞ്ഞ് ഉണ്ടായ തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികൾ കരിങ്കല്ല് ഉപയോഗിച്ച് കൗൺസിലറുടെ തലക്ക് അടിക്കുകയായിരുന്നു.ബൈക്കിന് പിറകിലിരുന്ന ഷുഹൈബാണ് കൗൺസിലറുടെ തലക്കടിച്ചത്. ഉടനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മാർച്ച് 30ന് അബ്ദുല്‍ ജലീല്‍ മരിച്ചു. അടിയുടെ ആഘാതത്തില്‍ ജലീലിൻറെ തലയോട്ടി വരെ തകർന്നിരുന്നു.
സംഭവ ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ഒന്നാം പ്രതിയെ അവിടെനിന്ന് 2022 ഏപ്രിൽ രണ്ടിനാണ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടുപേരെയും നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.89 സാക്ഷികളുള്ള കേസിൽ 45 പേരെ വിസ്തരിച്ചു. 98 രേഖകളും 12 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.മഞ്ചേരി പോലീസ് ഇൻസ്പെകടർ സി. അലവിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല. തുടർന്ന് ചാർജെടുത്ത പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയാണ് കോടതി മുന്‍പാകെ കുറ്റപത്രം സമർപ്പിച്ചത്. 2025 സെപ്തംബർ 23നാണ് കേസ് വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.വി. സാബു, അഡീഷണൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.കെ. ശെരീഫ് മമ്പാട് എന്നിവർ ഹാജരായി.
