അധ്യാപക നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കൂട്ടനിരാഹാര സമരം ആരംഭിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് കത്തിലൂടെ അറിയിച്ചെങ്കിലും, മുഖ്യമന്ത്രിയുടെ വ്യക്തമായ ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ഉദ്യോഗാർഥികളുടെ നിലപാട്.
വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കുന്ന വിഷയം പഠിക്കാൻ രണ്ടുമാസത്തെ സാവകാശം വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്നും, പ്രത്യേക കമ്മീഷനെ നിയോഗിച്ച് അനുപാതം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിച്ച് ഉറപ്പ് നൽകണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അഞ്ച് ജില്ലകളിൽ ഒന്നാം റാങ്കുകാരന് പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ലെന്നാണ് സംഘടനയുടെ ആരോപണം.
അധ്യാപക-വിദ്യാർഥി അനുപാതം 25:1 ആക്കിയാൽ കൂടുതൽ ഒഴിവുകൾ സൃഷ്ടിക്കാനാകുമെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആശാ പ്രവർത്തകരും സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി.
