വൃക്കരോഗികൾക്ക് അത്യാവശ്യമായ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും ലഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ഗുരുതര പ്രതിസന്ധി.ഇതോടെ നൂറുകണക്കിന് രോഗികളുടെ ചികിത്സ മുടങ്ങിയ അവസ്ഥയാണ്. രക്തോൽപാദനത്തിന് ഉപയോഗിക്കുന്ന എറിത്രോപൊയറ്റിൻ ഇഞ്ചക്ഷന്റെ സ്റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായെന്ന് രോഗികൾ പറയുന്നു. മിക്ക വൃക്കരോഗികൾക്കും ആഴ്ചയിൽ മൂന്ന് തവണ വരെ ഈ ഇഞ്ചക്ഷൻ ആവശ്യമാണ്. പുറത്ത് നിന്ന് വാങ്ങണമെങ്കിൽ വലിയ തുക ചെലവാകുന്നതിനാൽ പലർക്കും ചികിത്സ തുടരാൻ കഴിയുന്നില്ല.
രക്തസമ്മർദ്ദം പരിശോധിക്കുന്ന സ്‌ഫിഗ്മോമാനോമീറ്റർ പോലുള്ള അടിസ്ഥാന ഉപകരണങ്ങൾ പോലും രോഗികൾ തന്നെ വാങ്ങി നൽകേണ്ട സാഹചര്യമാണെന്നും പരാതിയുണ്ട്.മരുന്നുകളും ഉപകരണങ്ങളും പുറത്തുനിന്ന് വാങ്ങാൻ ഡോക്ടർമാർ നിർദേശിക്കുന്നുണ്ടെങ്കിലും അതിനുള്ള സാമ്പത്തിക ശേഷി പല രോഗികൾക്കുമില്ല. വിഷയത്തിൽ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ മരുന്നും ഉപകരണങ്ങളും ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു
