കവടിയാറിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിനി മരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റു. ബി.പി ഉയർന്നതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് ഡ്രൈവർ മോഹൻ തോമസ് പൊലീസിനോട് പറഞ്ഞത്.രാവിലെ പത്തരയോടെയായിരുന്നു കവടിയാർ ജംഗ്ഷനിൽ അപകടം നടന്നത്. കുറവൻകോണം സ്വദേശി മോഹൻ തോമസ് സഞ്ചരിച്ച കാർ ആദ്യം ഫുട്പാത്തിലേക്ക് ഇടിച്ചുകയറി. തുടർന്ന് വഴിയാത്രക്കാരെയും സമീപത്തുണ്ടായിരുന്ന ബൈക്കുകളെയും മറ്റ് രണ്ട് കാറുകളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന പാലക്കാട് സ്വദേശിനി നൗഷികയാണ് അപകടത്തിൽ മരിച്ചത്. ഭർത്താവ് ആഷിക്കിനും പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ആരോപണവും ദൃക്സാക്ഷികൾ ഉയർത്തി.അപകടത്തിൽപ്പെട്ട വാഹനങ്ങൾ പേരൂർക്കട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
