വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് തുരങ്കപാത നിർമ്മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യേണ്ടതുണ്ടോ എന്നത് പരിശോധിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസംഘം സ്ഥലത്തെത്തി. മണ്ണിടിച്ചിൽ ഉണ്ടായ പ്രഭവകേന്ദ്രം ഉൾപ്പെടെ സംഘം വിശദമായി പരിശോധിച്ചു. എത്രയും വേഗം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പി അറിയിച്ചു.
കള്ളാടി പാലം മുതൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രഭവകേന്ദ്രം വരെയുള്ള മേഖലകളിലാണ് പരിശോധന നടന്നത്. തുരങ്കപാത നിർമ്മാണത്തിനായി കൂട്ടിയിട്ട മണ്ണ് പ്രദേശത്തിന് ഭീഷണിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈ മണ്ണ് വീണ്ടും താഴേക്ക് ഇടിഞ്ഞ് അപകടസാധ്യത വർധിപ്പിക്കുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ കെ. ശ്രീലേഷും പരിശോധനയിൽ പങ്കെടുത്തു. പരിശോധനാ റിപ്പോർട്ട് അടിയന്തരമായി സർക്കാരിന് കൈമാറാനാണ് തീരുമാനം.ജൂലൈ 20ന് ശേഷം വയനാട്ടിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പരിശോധന വേഗത്തിലാക്കിയത്. മണ്ണിടിച്ചിലിന്റെ യഥാർഥ കാരണം ഉൾപ്പെടെ പരിശോധിക്കുന്ന അഞ്ചംഗ വിദഗ്ധസമിതിയും ഉടൻ വയനാട്ടിലെത്തും. ആ സമിതിയുടെ റിപ്പോർട്ടും വിലയിരുത്തലും ലഭിച്ചതിന് ശേഷമായിരിക്കും തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികളിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുക.
