കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഹർജി തിങ്കളാഴ്ച വിശദമായ വാദത്തിനായി മാറ്റിവച്ചു.കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി, വിശദമായ വാദം കേൾക്കാനായി ഹർജി ഇന്ന് വീണ്ടും പരിഗണിച്ചിരുന്നു. ഇതിനിടെ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പരിശോധിച്ച കോടതി ഹർജി വീണ്ടും തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.ജിതിൻ ഭാസ്കർ തന്നെയാണ് വിവാദ സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചെന്നും, അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പോലീസ് റിപ്പോർട്ടിലെ നിലപാട്.
എന്നാൽ, പ്രതിയെ കൂടുതൽ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം റിപ്പോർട്ടിൽ ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ സാധ്യത വർധിക്കുമെന്ന് പരാതിക്കാരനായ മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഫ്നാസ് ബിഗ് ടിവിയോട് പറഞ്ഞു.ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. തന്റെ പേരിൽ വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ടിന്റെ പേരിൽ താൻ വ്യാപകമായി വേട്ടയാടപ്പെട്ടുവെന്നും, അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് കാസിം കോടതിയെ അറിയിച്ചിരിക്കുന്നത്.
