കോഴിക്കോട് പൂനൂർ പുഴയിലെ മണ്ണും ചെളിയും നീക്കാനുള്ള നടപടി ഉടൻ തുടങ്ങുമെന്ന് കെ. ജയന്ത് എംഎൽഎ. ആദ്യഘട്ടത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. പ്രളയസാധ്യത മുന്നിൽക്കണ്ട് നേരത്തെ നടപടി സ്വീകരിക്കാതിരുന്നതിനെ തുടർന്ന് ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായെന്ന ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെയാണ് എംഎൽഎയുടെ ഇടപെടൽ.
കനത്ത മഴയില്ലാതിരുന്നിട്ടും പൂനൂർ പുഴ കരകവിഞ്ഞതോടെ ഇത്തവണയും പ്രദേശത്ത് വ്യാപകമായി വെള്ളം കയറിയിരുന്നു. ഏകദേശം 1500 കുടുംബങ്ങളാണ് ദുരിതത്തിലായത്. മണ്ണും ചെളിയും അടിഞ്ഞ് പുഴയുടെ ആഴം കുറഞ്ഞതും കയ്യേറ്റം മൂലം പുഴയുടെ വീതി കുറഞ്ഞതുമാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണങ്ങളിലൊന്നെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ജൂൺ 29ന് പുഴയിലെ മണ്ണ് നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ നടപടി വൈകുകയായിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎ ഇടപെട്ടത്.
വർഷങ്ങളായി ഉരുൾപൊട്ടലുകളിലൂടെയും മറ്റും ഒഴുകിയെത്തിയ മണ്ണും കല്ലും ചെളിയും മരങ്ങളുടെ അവശിഷ്ടങ്ങളുമെല്ലാം പുഴയിൽ അടിഞ്ഞുകിടക്കുകയാണ്. 13 വർഷമായി പുഴയിൽനിന്ന് മണ്ണ് നീക്കം ചെയ്തിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.
ആദ്യഘട്ടത്തിൽ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനാണ് നടപടി. ഇതിനായി മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും കൂടുതൽ തുകയ്ക്കായി സർക്കാരിനെ സമീപിക്കുമെന്നും കെ. ജയന്ത് എംഎൽഎ അറിയിച്ചു.
