സംസ്ഥാനത്തെ ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിൽ ജവാൻ മദ്യത്തിന് ക്ഷാമം അനുഭവപ്പെടുന്നു. സ്റ്റോക്ക് എത്തുന്നത് കുറഞ്ഞതോടെ പല കടകളിലും ജവാൻ ലഭിക്കാത്ത സ്ഥിതിയാണ് നിലവിൽ.സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ തിരുവല്ല പുളിക്കീഴിലെ ഫാക്ടറിയിലാണ് ജനപ്രിയ മദ്യമായ ജവാൻ നിർമ്മിക്കുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ ബീവറേജ് ഔട്ട്ലെറ്റുകളിൽ ജവാൻ മദ്യം ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന പരാതിയാണ് ഉയരുന്നത്.സ്റ്റോക്ക് ചോദിക്കുന്ന അത്ര മദ്യം എത്തിച്ചു നൽകാൻ കഴിയുന്നില്ല എന്ന ബീവറേജ് കോർപ്പറേഷൻ അധികൃതരും വ്യക്തമാക്കുന്നു.
ഇറാൻ യുദ്ധമാണ് ജവാന്റെ പ്രതിസന്ധിക്ക് പിന്നിലെ കാരണമായി പറയുന്നത്. ഫാക്ടറിയിൽ മദ്യം നിറയ്ക്കാൻ പ്രതിദിനം ഒരുലക്ഷം പെഗ് ബോട്ടിലുകളാണ് എത്തുന്നത്. നിലവിൽ ഒരാഴ്ചയിൽ ഒരു ലോഡ് മാത്രമാണ് വിതരണക്കാർക്ക് എത്തിക്കാൻ സാധിക്കുന്നത്. അസംസ്കൃതവസ്തുക്കൾ കിട്ടാത്തതാണ് കുപ്പി നിർമ്മാണത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്നത്.തൃശ്ശൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമാണ് പുളിക്കഴിയിലെ ഫാക്ടറിയിലേക്ക് കുപ്പികൾ എത്തേണ്ടത്.ഇതോടെ ഫാക്ടറിയിൽ ജവാന്റെ ഉത്പാദനം മൂന്നിൽ ഒന്നായി ചുരുക്കിയിട്ടുണ്ട്.നിലവിൽ ഫാക്ടറിയിൽ സൂക്ഷിച്ചിരിക്കുന്ന സ്റ്റോക്കാണ് പുറത്തേക്ക് അയയ്ക്കുന്നത്.യുദ്ധം തുടരുകയും അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ് പരിഹരിക്കാതിരിക്കുകയും ചെയ്താൽ ഉത്പാദനം പൂർണമായും നിർത്തേണ്ട സ്ഥിതിപോലും ഉണ്ടാകും.
