കേരളത്തിൽ ലഹരിക്കെതിരായ പോരാട്ടം ശക്തമാകുന്നതിനിടെ, അധ്യാപകർ തന്നെ ലഹരി ശൃംഖലയുടെ ഭാഗമാകുന്ന സംഭവങ്ങൾ ആശങ്ക വർധിപ്പിക്കുന്നു. കോഴിക്കോട് വടകര എംഡിഎംഎ കേസിൽ സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് അധ്യാപിക കാവ്യ അറസ്റ്റിലായി. നേരത്തെ ഇതേ കേസിൽ മറ്റൊരു അധ്യാപികയായ കീർത്തനയും പിടിയിലായിരുന്നു.
വിദേശ നമ്പറുകൾ ഉപയോഗിച്ചുള്ള ആശയവിനിമയം, ഗൂഗിൾ പേ വഴിയുള്ള പണമിടപാട്, ലൊക്കേഷൻ പങ്കിട്ട് എംഡിഎംഎ കൈമാറ്റം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ലഹരി വാങ്ങിയവർ പണം അയച്ചിരുന്നത് കാവ്യയുടെ അക്കൗണ്ടിലേക്കാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിവിധ ജില്ലകളിലായി അധ്യാപകർ ഉൾപ്പെട്ട ലഹരി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലേക്കും ലഹരി മാഫിയയുടെ സ്വാധീനം വ്യാപിക്കുന്നുണ്ടോയെന്ന ആശങ്കയാണ് ഇത് ഉയർത്തുന്നത്.
അധ്യാപകരുടെ ഈ ബന്ധം വിദ്യാർത്ഥികളിലേക്കും വ്യാപിച്ചിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഉപഭോക്താക്കളിൽ നിന്ന് ലഹരി ശൃംഖലയുടെ മറ്റ് കണ്ണികളെയും കണ്ടെത്താനുള്ള നടപടികളും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
