കോഴിക്കോട് ഉൾപ്പെടെ വടക്കൻ കേരളത്തിൽ ജൂലൈ 15 മുതൽ മാട്ടിറച്ചിക്ക് വില കൂടും. കിലോയ്ക്ക് 40 മുതൽ 60 രൂപ വരെ വർധിപ്പിക്കാനാണ് വ്യാപാരികളുടെ തീരുമാനം.നിലവിൽ കോഴിക്കോട് എല്ലോടുകൂടിയ മാട്ടിറച്ചിക്ക് കിലോയ്ക്ക് 360 രൂപയാണ് വില. വിലവർധന നിലവിൽ വന്നാൽ ഇത് 400 രൂപയാകും. എല്ലില്ലാത്ത ഇറച്ചിയുടെ വില 410 രൂപയിൽ നിന്ന് 460 രൂപയിലേക്കും ഉയരും.കർണാടകയിലും തമിഴ്നാട്ടിലും നിന്ന് കന്നുകാലികളുടെ വരവ് കുറഞ്ഞതോടെ ലഭ്യത കുറയുകയും വാങ്ങൽ വില ഉയരുകയും ചെയ്തതാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു.
കന്നുകാലികളുടെ എല്ല്, തുകൽ, നെയ്യ് തുടങ്ങിയ ഉപോൽപ്പന്നങ്ങൾക്ക് ലഭിക്കുന്ന വിലയും ഗണ്യമായി കുറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കിയതായും അവർ പറയുന്നു.മാട്ടിറച്ചിയുടെ വില കൂടുന്നതോടെ ഹോട്ടൽ ബീഫ് വിഭവങ്ങൾക്കും വില കൂട്ടും.ഒറ്റയടിക്ക് കൂടുതൽ വില കൂട്ടുന്നത് ഉപഭോക്താക്കളെ ബാധിക്കുമെന്നതിനാലാണ് ആദ്യഘട്ടത്തിൽ കിലോയ്ക്ക് 40 മുതൽ 60 രൂപ വരെ മാത്രം വർധിപ്പിക്കുന്നതെന്നും, സാഹചര്യം മാറിയില്ലെങ്കിൽ ഇനിയും വില വർധന ഉണ്ടായേക്കാമെന്നും വ്യാപാരികൾ വ്യക്തമാക്കി.
