അതിവേഗ റെയിൽ പദ്ധതിക്ക് തിടുക്കത്തിൽ പച്ചക്കൊടി കാട്ടേണ്ടെന്ന നിലപാടിൽ സർക്കാർ. ഡി.എം.ആർ.സി സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്നും നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്നും മന്ത്രിതല ഉപസമിതി ശുപാർശ ചെയ്തതോടെയാണ് തീരുമാനം. ചരക്കുഗതാഗതം ഉൾപ്പെടെ പദ്ധതിയെ സാമ്പത്തികമായി പ്രായോഗികമാക്കുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ പുതിയ സമിതി രൂപീകരിക്കാനാണ് സർക്കാർ നീക്കം.
ഡി.എം.ആർ.സി തയ്യാറാക്കിയ റിപ്പോർട്ടിൽ പരിസ്ഥിതി-സാമൂഹിക ആഘാത പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ലഭ്യത സംബന്ധിച്ചും വ്യക്തതയില്ല. ക്രൗഡ് ഫണ്ടിംഗ് മാതൃകയും പ്രായോഗികമല്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ നിലവിലെ രൂപത്തിൽ അതിവേഗ റെയിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ-റെയിൽ പദ്ധതിയുടെ അനുഭവം ആവർത്തിച്ച് പൊതുഖജനാവിന് നഷ്ടമുണ്ടാക്കാൻ സർക്കാർ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ നിർദേശപ്രകാരം പദ്ധതി യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയാൽ സാമ്പത്തികമായി ലാഭകരമാകില്ലെന്നാണ് വിലയിരുത്തൽ. അതിനാൽ ചരക്കുഗതാഗതം കൂടി ഉൾപ്പെടുത്താനുള്ള സാധ്യതകൾ, ബദൽ മാർഗങ്ങൾ, ഭൂമിയുടെ ലഭ്യത, നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ മെട്രോ, തുറമുഖം, ഉൾനാടൻ ജലഗതാഗത ശൃംഖലകളുമായുള്ള സംയോജനം തുടങ്ങിയ വിഷയങ്ങളിൽ വിശദമായ പഠനം നടത്താനാണ് സർക്കാർ തീരുമാനം.ഇതിനായി പുതിയ വിദഗ്ധ സമിതി ഉടൻ രൂപീകരിക്കാനാണ് നീക്കം. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ അതിവേഗ റെയിൽ പദ്ധതിയുടെ ഭാവിയെക്കുറിച്ച് അന്തിമ തീരുമാനം എടുക്കൂ.
