ശബരിമലയിലെ മിൽമ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. വിജിലൻസ് ഡയറക്ടർക്കാണ് കോടതി നിർദേശം നൽകിയത്.
അന്വേഷണത്തിന് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ വേണമെന്നില്ലെന്നും, ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായാലും മതിയെന്നും ജസ്റ്റിസുമാരായ രാജ വിജയരാഘവനും കെ. വി. ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിനായി ഏറ്റവും മികച്ച ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു.
ദേവസ്വം കമ്മിഷണറുടെ എതിർപ്പ് മറികടന്നാണ് മിൽമ നെയ്യ് വാങ്ങൽ നടപടികളുമായി മുന്നോട്ടുപോയതെന്ന് കോടതി നിരീക്ഷിച്ചു. ഒരു ലക്ഷത്തി അറുപത്തയ്യായിരം ലിറ്റർ നെയ്യ് യാതൊരു ഗുണനിലവാര പരിശോധനയും നടത്താതെയാണ് വാങ്ങിയതെന്നും കോടതി വിമർശിച്ചു.
ഗുണനിലവാരം ഉറപ്പാക്കാതെയാണ് ഇത്രയും വലിയ അളവിൽ നെയ്യ് വാങ്ങിയതെങ്ങനെയെന്നും കോടതി ചോദിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് 10 ദിവസത്തിനകം സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം.
