കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ പൊലീസ് വീഴ്ചയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഗുരുതര വീഴ്ച വരുത്തിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തതിലാണ് കോടതിയുടെ അതൃപ്തി.
ഡിവൈഎസ്പിക്കെതിരെ വാക്കാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സസ്പെൻഡ് ചെയ്യാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ നടപടി സ്വീകരിക്കുന്നതിൽ എന്തിനാണ് ആശങ്കയെന്ന് കോടതി ചോദിച്ചു. സർക്കാർ ചെയ്യേണ്ടത് സർക്കാർ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.
ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ആദ്യം സസ്പെൻഡ് ചെയ്യണമെന്നും കോടതി പറഞ്ഞു. അച്ചടക്ക നടപടി എന്താണെന്ന് കോടതിയെ പഠിപ്പിക്കേണ്ടെന്നും, അച്ചടക്ക നടപടിയുടെ ചട്ടങ്ങൾ കോടതിക്ക് നന്നായി അറിയാമെന്നും ജസ്റ്റിസ് ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.
ഹൈക്കോടതിയും സുപ്രീംകോടതിയും സെഷൻസ് കോടതിയും മുൻകൂർ ജാമ്യം തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്തതിലെ നടപടിക്രമ വീഴ്ചയാണ് പ്രതിയെ വിട്ടയക്കുന്നതിലേക്ക് നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
