കോഴിക്കോട് മെഡിക്കൽ കോളജിൽ കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിലെ ശസ്ത്രക്രിയകൾ മുടങ്ങി ഒരു മാസം പിന്നിട്ടിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്ന പരാതിയുമായി രോഗികളും ബന്ധുക്കളും.ഹൃദയ വാൽവിന് ഗുരുതര തകരാറുള്ള വേങ്ങര സ്വദേശിനിയായ 40-കാരി റുബീനയ്ക്ക് അടിയന്തര ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ നടക്കാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാനാണ് നിർദേശം ലഭിച്ചതെന്ന് കുടുംബം പറയുന്നു.
റുബീനയുടെ ഭർത്താവ് ഫൈസലും സ്ട്രോക്ക് ബാധിച്ച് ശരീരത്തിന്റെ ഒരു ഭാഗം തളർന്ന നിലയിലാണ്. ചികിത്സയ്ക്കാവശ്യമായ വലിയ തുക കണ്ടെത്താൻ കഴിയാത്തതിനാൽ റുബീന ഇപ്പോഴും വീട്ടിൽ കഴിയുകയാണെന്ന് കുടുംബം പറയുന്നു.റുബീനയുടെ അവസ്ഥ ഒറ്റപ്പെട്ടതല്ല. ദിവസേന ഹൃദയ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തുന്ന നിരവധി രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങുകയാണെന്നാണ് ആരോപണം. സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിലൊന്നായ കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ സംവിധാനം നിലച്ചിട്ടും അടിയന്തര പരിഹാരം കാണാൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.ഹൃദയ ശസ്ത്രക്രിയ കാത്തിരിക്കുന്ന രോഗികൾക്ക് ഓരോ ദിവസവും നിർണായകമായ സാഹചര്യത്തിൽ, ശസ്ത്രക്രിയാ സംവിധാനം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.
