തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടത്തിൽ പൊലീസ് കേസെടുത്തു. പാർക്കിന്‍റെ ചെയർമാന്‍ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസെടുത്തത്. അപകടവുമായി ബന്ധപ്പെട്ട് തഹസിൽദാർ ഇന്ന് കലക്ടർക്ക് റിപ്പോർട്ട് കൈമാറും.
ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്കിന്റെ ചെയർമാൻ, സൂപ്പർവൈസർ, സ്വിങ് ചെയർ പ്രവർത്തിപ്പിച്ച ഓപ്പറേറ്റർ, ഇലക്ട്രീഷ‍്യന്‍ എന്നീ നാല് പേർക്കെതിരെയാണ് കേസ്. അപകടത്തിൽ പരിക്കേറ്റവരുടെ പരാതിയിലാണ് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തത്. മനുഷ്യജീവന് ഭീഷണിയാകും വിധം പാർക്ക് പ്രവർത്തിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി സെക്ഷൻ 336 വകുപ്പ് ചുമത്തി. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചായിരുന്നു അപകടം. പതിനഞ്ചിലേറെ പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ റൈഡിന് താഴെ നിന്ന സ്ത്രീകൾക്കും പരിക്കേറ്റിരുന്നു. രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് സാരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ച ഇവരുടെ നില മെച്ചപ്പെട്ടുവരികയാണ്.
റൈഡിന്റെ വെൽഡിംഗ് പൊട്ടിയതാണ് അപകടകാരണമെന്നാണ് നിഗമനം.
അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അപകടമുണ്ടായി നാല് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം വൈകിയെന്നും അപകടമുണ്ടായിട്ടും ആളുകളെ ഒഴിപ്പിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.
