മുഖ്യമന്ത്രിയായാലും വി ഡി സതീശനോട് അനുനയത്തിനില്ലെന്നുറപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സമുദായ നേതാക്കളെപ്പറ്റി പറഞ്ഞത് തിരുത്തി മാപ്പ് പറഞ്ഞാലും വി ഡി സതീശനെ നേരിട്ട് കാണാനോ സംസാരിക്കാനോ ഇല്ലെന്നാണ് സുകുമാരൻ നായരുടെ പക്ഷം. രമേശ് ചെന്നിത്തലയെ പരിഗണിക്കാത്തതിൽ കടുത്ത രോഷത്തിലുമാണ് സുകുമാരൻ നായർ.
തെരഞ്ഞെടുപ്പിന് മുമ്പ് വി ഡി സതീശനോടുണ്ടായിരുന്ന രോഷം ഇരട്ടിയാക്കുകയാണ് സുകുമാരൻ നായർ. ഒരടി പിന്നോട്ടില്ല. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന സതീശന്റെ നേരത്തേയുള്ള പ്രസ്താവന സുകുമാരൻ നായരെ അത്രക്ക് ചൊടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായാലും നിലപാടിൽ മാറ്റമില്ലെന്നും പെരുന്നയിലേക്ക് വി ഡി സതീശൻ വരേണ്ടതില്ലെന്നുമാണ് തീരുമാനം.
മുഖ്യമന്ത്രി പദവി വി ഡി സതീശന് അനർഹമായി കിട്ടിയതാണെന്നും ലീഗാണ് ചരടുവലിച്ചതെന്നും പറഞ്ഞുവെച്ച സുകുമാരൻ നായർ, രമേശ് ചെന്നിത്തലയെ പരിഗണിക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തോട് കടുത്ത രോഷം അറിയിച്ചെന്നാണ് വിവരം. നേരത്തെ മന്ത്രിസഭയിലടക്കം അർഹമായ പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്ന സുകുമാരൻ നായർ, നിലവിൽ അനുനയ നീക്കങ്ങൾക്കില്ലെന്നാണ് അറിയിച്ചത്.
എന്നാൽ സുകുമാരൻ നായരെ പൂർണമായി പിണക്കി മുന്നോട്ടുപോകാനാകില്ലെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. മന്ത്രി ചർച്ചകൾ പൂർത്തിയാകുന്ന മുറക്ക് അനുനയ നീക്കങ്ങളും സജീവമാക്കും. ഇണങ്ങുമോ, വൈര്യം മുറുകുമോ എന്ന് അടുത്ത ദിവസങ്ങളിൽ അറിയാം.
