ആറൻമുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയിൽ സ്വകാര്യ ഡ്രോൺ സർവേ വിവാദത്തിൽ ഭൂഉടമ എബ്രഹാം കലമണ്ണിലിന് തിരിച്ചടി. സർവേ അനധികൃതമായിരുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി ഹൈക്കോടതിയെ സമീപിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.സർക്കാർ ഉപേക്ഷിച്ച വിമാനത്താവള പദ്ധതിയുടെ ഭൂമിയിൽ ആരുടെ അനുമതിയോടെയാണ് ഡ്രോൺ സർവേ നടത്തിയതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സർക്കാർ തലത്തിൽ പിന്തുണയുണ്ടെന്ന എബ്രഹാം കലമണ്ണിലിന്റെ അവകാശവാദത്തിനിടെ, ഉദ്യോഗസ്ഥ തലത്തിൽ സഹായം ലഭിച്ചോയെന്ന സംശയവും പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ കോഴഞ്ചേരി തഹസിൽദാറിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ജില്ലാ ഭരണകൂടത്തെ അറിയിക്കാതെയാണ് പദ്ധതി പ്രദേശത്ത് ഡ്രോൺ സർവേ നടന്നതെന്ന് തഹസിൽദാർ റിപ്പോർട്ട് നൽകിയതായാണ് വിവരം.സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കണ്ടെത്തിയാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കിയിരുന്നു.
മിച്ചഭൂമിയായി പ്രഖ്യാപിച്ച പ്രദേശത്ത് എബ്രഹാം കലമണ്ണിലിനോ അദ്ദേഹത്തിന്റെ സ്ഥാപനത്തിനോ അവകാശമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. പ്രദേശത്ത് ഇനി ഡ്രോൺ സർവേ അനുവദിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.ആറൻമുള മിച്ചഭൂമി കേസ് ഈ മാസം 16ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുതിയ വിവാദം ഉയരുന്നത്.
