നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വമ്പന്‍ തോല്‍വിക്കു പിന്നാലെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വത്തിന് എതിർപ്പെന്ന് റിപ്പോർട്ട്. പകരം പുതിയ മുഖങ്ങൾ പ്രതിപക്ഷത്തെ നയിക്കണമെന്നാണ് സിപിഐ നിലപാട്. പ്രതിപക്ഷ നേതാവ് സ്ഥാനത്തു പിണറായി വിജയന്‍ വേണ്ടെന്ന അഭിപ്രായമാണ് യോഗങ്ങളിലുണ്ടായത്.നേതൃസ്ഥാനത്തേക്കു പുതിയ ആളെ നിയോഗിക്കണം. പിണറായി ശൈലി തോല്‍വിക്ക് ആക്കം കൂട്ടിയെന്നും വിമര്‍ശനമുയര്‍ന്നു.സിപിഎമ്മിന്റെ ആഭ്യന്തര കാര്യമായതിനാൽ പരസ്യ നിലപാട് സ്വീകരിക്കാനില്ല. എന്നാൽ ബന്ധപ്പെട്ട വേദികളിൽ നിലപാട് അറിയിക്കാനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐ നേതൃയോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ചയ്ക്ക് ഉത്തരവാദി നേതൃത്വമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനമുണ്ടായി. തെരഞ്ഞെടുപ്പിൽ നേതൃപരമായ പങ്കുവഹിക്കുന്നതിലും വലിയ പരാജയം സംഭവിച്ചുവെന്നും വിമർശനമുണ്ടായി.
ഇടതുകോട്ടകളിൽ ഉൾപ്പെടെ നേരിട്ട വൻ പരാജയത്തിൽ ആത്മപരിശോധനയ്ക്ക് ഒരുങ്ങുകയാണ് സിപിഐഎമ്മും സിപിഐയും. പരാജയം അപ്രതീക്ഷിതമെന്നാണ് സിപിഐഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർക്കുമെന്നും പാർട്ടി അംഗങ്ങൾക്ക് നിർഭയമായി അഭിപ്രായം പറയാമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
