നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ടിനി ടോമിനെതിരെ കേസ് എടുക്കാൻ കോടതി നിർദേശിച്ചിട്ടുള്ളത്. അൻസിബയുടെ പരാതിയിൽ കേസെടുക്കാനുള്ളതൊന്നും ഇല്ലെന്ന് കാട്ടി കടവന്ത്ര പൊലീസ് നൽകിയ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. പൊലീസ് നടപടിക്കെതിരെ സ്വകാര്യ അന്യായവുമായി അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.
ജൂണ്‍ ഒന്നിനാണ് അന്‍സിബ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നാണ് നടിയുടെ ആരോപണം. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിക്കുന്നു. താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ഈ വിഷയത്തിൽ കടവന്ത്ര പൊലീസ് നടിമാരായ ശ്വേത മേനോൻ, നീന കുറുപ്പ് ടിനി ടോം ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും കേസ് എടുക്കാൻ തക്കതായ തെളിവുകളില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് കേസ് എടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മതിയായ തെളിവുകളോടെ അൻസിബ കോടതിയെ സമീപിച്ചതും അനുകൂലമായ ഉത്തരവ് നേടിയെടുത്തതും.
