ശാന്തിഗിരിയിലെ വിശ്വശാന്തി സന്ദേശ യജ്ഞം പരിപാടിയിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന് സുരക്ഷ ഒരുക്കാൻ നിയോഗിച്ചിരുന്ന 92 പോലീസുകാരിൽ പകുതിയിലേറെ പേരെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പിൻവലിപ്പിച്ചു. അനാവശ്യമായ പോലീസ് സന്നാഹം ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
റൂറൽ എസ്.പി.യുടെ നേതൃത്വത്തിൽ 3 ഡിവൈ.എസ്.പി., 22 എസ്.ഐ., അൻപതോളം മഫ്തി പോലീസുകാർ ഉൾപ്പെടുന്ന സംഘത്തെയാണ് ആദ്യം സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട് സബ് ഡിവിഷനുകളിൽ നിന്നുള്ള പോലീസുകാരെയാണ് ഡ്യൂട്ടിക്ക് വിന്യസിച്ചിരുന്നത്.എന്നാൽ ഇത്രയും സുരക്ഷ ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതോടെ നെടുമങ്ങാട് സബ് ഡിവിഷനിലെ പോലീസുകാരെ മാത്രം നിലനിർത്തി, മറ്റ് ഉദ്യോഗസ്ഥരെ പിൻവലിച്ചു.
അധികാരത്തിൽ എത്തിയതിന് പിന്നാലെ യാത്രകളിൽ അനാവശ്യമായ പോലീസ് സന്നാഹവും സുരക്ഷയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. അതിന്റെ ഭാഗമായി പൈലറ്റ് വാഹനം മാത്രം മതിയെന്ന നിലപാടും സ്വീകരിച്ചിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് പിന്നീട് എസ്കോർട്ട് വാഹനവും ഉൾപ്പെടുത്തിയിരുന്നു.ശാന്തിഗിരി യാത്രയിൽ വലിയ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ആദ്യം കൂടുതൽ പോലീസുകാരെ നിയോഗിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം
