വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള കരമാർഗ്ഗ പ്രവേശനം യാഥാർഥ്യമാകുന്നു. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെ ഓഗസ്റ്റ് 18 മുതൽ തുറമുഖത്തിന്റെ ഗേറ്റ് വേ പ്രവർത്തനക്ഷമമാകും. ഇതോടെ NH-66നെ നേരിട്ട് തുറമുഖവുമായി ബന്ധിപ്പിച്ച് കേരള-തമിഴ്നാട് വ്യവസായ മേഖലയിലേക്കുള്ള ചരക്കുനീക്കം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താനാകും.
ഇതുവരെ കടൽമാർഗ്ഗത്തിൽ മാത്രം നടന്നിരുന്ന ചരക്കുനീക്കത്തിന് ഇനി റോഡ് മാർഗവും ലഭ്യമാകും. തുറമുഖത്തിൽ നിന്ന് ദേശീയപാതയിലേക്ക് ഏകദേശം രണ്ട് കിലോമീറ്റർ ദൂരത്തിൽ ആറുവരി കണക്ടിവിറ്റി റോഡുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. കണ്ടെയ്നർ ട്രക്കുകളുടെ ട്രയൽ റണ്ണും വിജയകരമായി പൂർത്തിയായി.കണ്ടെയ്നർ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനുള്ള ക്ലോവർലീഫ് ഇന്റർചേഞ്ചും ബാലരാമപുരത്തെയും വിഴിഞ്ഞത്തെയും ബന്ധിപ്പിക്കുന്ന 9.5 കിലോമീറ്റർ ഭൂഗർഭ റെയിൽപാതയും പദ്ധതിയുടെ അടുത്തഘട്ടങ്ങളാണ്. കൊങ്കൺ റെയിൽവേയാണ് ഭൂഗർഭ റെയിൽപാതയുടെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
ഗേറ്റ് വേ തുറക്കുന്നതോടെ പ്രധാനമായും കയറ്റുമതി-ഇറക്കുമതി (EXIM) ചരക്കുകളുടെ കരമാർഗ്ഗ ഗതാഗതമാണ് ആരംഭിക്കുക. ഇതിലൂടെ ദക്ഷിണേന്ത്യൻ വ്യവസായ മേഖലകളുമായുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ ബന്ധം കൂടുതൽ ശക്തിപ്പെടുകയും സംസ്ഥാനത്തിന്റെ ലോജിസ്റ്റിക്സ് മേഖലയ്ക്ക് പുതിയ ഉണർവ് ലഭിക്കുകയും ചെയ്യും.
