ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ നിയമിച്ച തീരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് നാളെ ഹൈക്കോടതിയെ രേഖാമൂലം അറിയിക്കും. താന്ത്രിക കർമ്മങ്ങൾക്ക് ബ്രഹ്മദത്തൻ യോഗ്യനാണെന്ന് വിദഗ്ധ മൂന്നംഗ സമിതി ശുപാർശ നൽകിയതിനെ തുടർന്നാണ് ബോർഡിന്റെ തീരുമാനം.കണ്ഠരര് രാജീവരുടെ പിൻഗാമിയായാണ് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കുക.
ചിങ്ങം ഒന്നാം തീയതി മുതൽ ബ്രഹ്മദത്തൻ ശബരിമല ശാന്തിയായി ചുമതലയേൽക്കും. ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖാമുഖത്തിലും കണ്ഠരര് മോഹനർക്കൊപ്പം ബ്രഹ്മദത്തന് പങ്കെടുക്കാനാകും.ശബരിമല ശാന്തിസ്ഥാനത്തുനിന്ന് മാറ്റി മകനെ ആസ്ഥാനത്തേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ഠരര് രാജീവര് നൽകിയ അഭ്യർത്ഥനയ്ക്ക് പിന്നാലെയാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
അക്കീരമൺ കാളിദാസ ഭട്ടതിരി, കുഴിക്കാട്ട് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ ഉൾപ്പെട്ട വിദഗ്ധ സമിതി ബ്രഹ്മദത്തൻ തന്ത്രിസ്ഥാനം വഹിക്കാൻ യോഗ്യനാണെന്ന് കണ്ടെത്തി.കണ്ഠരര് രാജീവർക്കെതിരായ കേസുകളുടെ പശ്ചാത്തലത്തിൽ മകന്റെ നിയമനസാധ്യത പരിശോധിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് നിയമന നടപടികൾ പൂർത്തിയാക്കി തീരുമാനം ഹൈക്കോടതിയെ അറിയിക്കുന്നത്.
