വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചകൾ കോൺഗ്രസിനുള്ളിൽ പുരോഗമിക്കുമ്പോഴാണ് സംസ്ഥാനത്ത് വീണ്ടും നേതാക്കൾക്കായി ഫ്ലക്സ് ബോർഡുകൾ ഉയരുന്നത്. കെ സി വേണുഗോപാലിനും വി ഡി സതീശനും വേണ്ടി തൃശൂർ നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. ‘കെ സി വേണുഗോപാൽ നയിക്കും’ എന്നാണ് ഫ്ലക്സ് ബോർഡിലെ വാചകങ്ങൾ. വി ഡി സതീശന്റെ ചിത്രത്തിന് താഴെ ‘ഔർ സി എം’ എന്നാണ് ക്യാപ്ഷൻ. എംജി റോഡിലും തൃശൂർ ജില്ലാ ആശുപത്രിക്ക് സമീപവുമാണ് സതീശനായി ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.
കെ പി സി സി ഓഫീസിന് മുന്നിൽ പരസ്യമായാണ് കെ സി വേണുഗോപാലിനായി ഫ്ലെക്സ് ബോർഡ് വെച്ചത്. ഇതിനിടെ വി ഡി സതീശനായി വീണ്ടും കൊല്ലത്ത് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. മൺറോതുരുത്തിലെ വിവിധ ഭാഗങ്ങളിൽ ആണ് പ്രവർത്തകർ ബോർഡ് സ്ഥാപിച്ചത്. ‘നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ’ എന്ന പേരിലാണ് ഫ്ലക്സ് ബോർഡ്. ‘നമ്മെ ഭരിച്ചവൻ നാട് ഭരിക്കട്ടെ’ എന്നാണ് ഫ്ലക്സ് ബോർഡിലെ മറ്റൊരു വാചകം. നേതൃത്വത്തിനുള്ള മുന്നറിയിപ്പ് എന്ന രീതിയിലും ഫ്ലക്സ് ബോർഡുകൾ ഉയർന്നു. ‘നോക്കുകൂലി കോൺഗ്രസിന് വേണ്ട’, ‘ഇല്ലെങ്കിൽ അണികൾ തിരുത്തും’ എന്നുമാണ് വി ഡി സതീശനായി സ്ഥാപിച്ച ബോർഡിലെ വാചകം.
ചെന്നിത്തലയ്ക്ക് വേണ്ടി കൊല്ലം ചക്കുവള്ളിയിലും ഫ്ലക്സ് ബോർഡ് ഉയർന്നു. ‘ചെന്നിത്തല കേരളം നയിക്കട്ടെ’ എന്നാണ് ബോർഡിലെ വാചകങ്ങൾ. ആലപ്പുഴ ഡിസിസി ഓഫീസിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ ‘ആലപ്പുഴയിൽ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക’ എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ ഫ്ലക്സ് ബോർഡുകൾ കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു. ഗ്രൂപ്പ് തിരിഞ്ഞുള്ള ഫ്ലക്സ് യുദ്ധത്തിൽ കോൺഗ്രസിനുള്ളിൽ അമർഷമുണ്ടെങ്കിലും നേതൃത്വം ഇതുവരെ അണികളെ വിലക്കിയിട്ടില്ല.
