സംസ്ഥാനത്തെ ടോൾ പ്ലാസകൾ യാത്രക്കാരുടെ ദുരിത കേന്ദ്രങ്ങളായി മാറുന്നുവെന്ന ആരോപണം ശക്തമാകുന്നു. ടോൾ നിരക്ക് വർധന, ഫാസ്റ്റാഗ് തർക്കങ്ങൾ, ജീവനക്കാരുടെ പെരുമാറ്റത്തിലെ വീഴ്ചകൾ എന്നിവയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും പ്രതിഷേധങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.ദേശീയപാത 66-ലെ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ഇന്നലെയുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ടോൾ ജീവനക്കാരുടെ മോശം പെരുമാറ്റമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചെറിയ തർക്കങ്ങൾ പോലും വാക്കേറ്റത്തിലും കൈയാങ്കളിയിലേക്കും മാറുന്ന സാഹചര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.
വെട്ടിച്ചിറ മാത്രമല്ല, സംസ്ഥാനത്തെ മറ്റ് ടോൾ പ്ലാസകളിലും സമാന പരാതികൾ ഉയരുന്നുണ്ട്. പാലിയേക്കര ടോൾ പ്ലാസയിൽ അമിത ടോൾ നിരക്കും ജീവനക്കാരുടെ സമീപനവും ചൊല്ലി നിരന്തരം പ്രതിഷേധങ്ങൾ ഉണ്ടാകുന്നുവെന്ന് യാത്രക്കാർ പറയുന്നു.കുമ്പളം ടോൾ പ്ലാസയിലും ഫാസ്റ്റാഗ്, യുപിഐ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നു. ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിയതോടെ പണമായി ടോൾ നൽകുന്ന വാഹനങ്ങൾ നീണ്ട ക്യൂവിൽ കുടുങ്ങുന്നതും ഇത് സംഘർഷങ്ങൾക്ക് കാരണമാകുന്നതുമാണ് പരാതി. കഴിഞ്ഞ മാസം ഇവിടെ യുവതിയും ജീവനക്കാരും തമ്മിൽ ഉണ്ടായ വാക്കേറ്റവും വിവാദമായിരുന്നു.ടോൾ പിരിവിനൊപ്പം യാത്രക്കാരോടുള്ള സമീപനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും അടിയന്തര മാറ്റം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
