തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബൈക്ക് റേസ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ 22 വയസുകാരൻ കുത്തേറ്റ് മരിച്ചു.കണ്ണറവിള സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ആലുനിന്നകുഴി സ്വദേശി ബിജുവിനെയും മക്കളായ അമ്പാടി, മിഥുൻ, അമ്പാടിയുടെ സുഹൃത്ത് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബിജുവിന്റെ മകനെ കാണാനെത്തിയ സുഹൃത്ത് വീടിന് മുന്നിൽ ബൈക്ക് റേസ് ചെയ്തതിനെ മനു ചോദ്യം ചെയ്തതോടെയാണ് തർക്കം തുടങ്ങിയത്. പിന്നാലെ ബിജുവിന്റെയും മക്കളുടെയും ഇടപെടലോടെ സംഘർഷം രൂക്ഷമായി. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഘർഷത്തിനിടെ മനുവിന് കുത്തേറ്റു. ഉടൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിനിടെ ആശുപത്രിയിലെത്തിയ മനുവിന്റെ സുഹൃത്തുക്കളും ബിജുവിന്റെ സുഹൃത്തുക്കളും തമ്മിലും സംഘർഷമുണ്ടായി. സംഘർഷം തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും പരിക്കേറ്റു. നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.മനുവിന്റെ മൃതദേഹം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കസ്റ്റഡിയിലുള്ള നാല് പേരെയും പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
