സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും, മലപ്പുറത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇപ്പോഴും പ്രവേശനം ലഭിച്ചിട്ടില്ല. സപ്ലിമെന്ററി അലോട്ട്മെന്റിനായി 18,360 വിദ്യാർത്ഥികളാണ് കാത്തിരിക്കുന്നത്. പുതുതായി അനുവദിച്ച ബാച്ചുകൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, സീറ്റ് പ്രതിസന്ധി പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല.
മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനായി ആകെ 82,753 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 64,393 വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇതുവരെ പ്രവേശനം ലഭിച്ചത്. സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ 62,655 പേരും അൺഎയ്ഡഡ് സ്കൂളുകളിൽ 1,738 പേരുമാണ് ക്ലാസുകളിൽ ചേർന്നത്.ഇതോടെ 18,360 വിദ്യാർത്ഥികൾ ഇപ്പോഴും പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. ഇവരിൽ വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് കോഴ്സുകളിലേക്ക് പ്രവേശിക്കുന്നവരെ ഒഴിവാക്കിയാലും 15,000-ത്തിലധികം വിദ്യാർത്ഥികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കാനുണ്ട്.
പ്രതിസന്ധി പരിഹരിക്കാൻ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലായി 4,850 സീറ്റുകൾ ലഭ്യമാണ്. ഇതിന് പുറമെ, ജില്ലയ്ക്ക് പുതുതായി അനുവദിച്ച 60 പ്ലസ് വൺ ബാച്ചുകളിലെ ഏകദേശം 3,000 സീറ്റുകളിലേക്കും സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും.സപ്ലിമെന്ററി അലോട്ട്മെന്റും പുതിയ ബാച്ചുകളിലെ പ്രവേശനവും പൂർത്തിയായാൽ, വർഷങ്ങളായി മലപ്പുറം നേരിടുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ഭാഗികമായെങ്കിലും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.
