എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകണം; ചങ്ങലയിലെ ഒറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ് . നിശയിലേക്കുള്ള നടത്തത്തിന് മുമ്പ് മണ്ണാറത്തൊടി ജയകൃഷ്ണനോട് ക്ലാര ഇങ്ങനെ പറഞ്ഞു. കലശമലയിലെ ഗുഹാമുഖത്തിന്റെ പിന്നിലുള്ള മടയിലെ പാറയ്ക്ക് മുകളിൽ ഇരുന്ന് റാന്തലിന്റെ അരണ്ട പ്രകാശത്തിൽ ഇരുവരും പ്രണയം പങ്കുവെച്ചു.

തൂവാനത്തുമ്പികൾക്ക് പശ്ചാത്തലമായ ഈ രംഗം ചിത്രീകരിക്കപ്പെട്ട ഇടം അതാണ് മുകളിൽ പറഞ്ഞ കലശമല . തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് പോർക്കുളം, ചൊവ്വന്നൂർ പഞ്ചായത്ത് അതിർത്തിയിലാണ് ഈ കുന്നിൻ പ്രദേശം. അകതിയൂർ വില്ലേജിലാണ് ഇതിൻ്റെ ഏറിയ പങ്കും . എന്നും അകതിയൂരിലെ പലരും തൂവാനത്തുമ്പികളുടെ ഷൂട്ടിംഗ് നടന്ന ആ ദിവസങ്ങൾ ഓർത്തെടുക്കുന്നുണ്ട്. ഇഷ്ട താരങ്ങളെ മുന്നിൽ കണ്ടതിന്റെ ആഹ്ലാദം പലരും പങ്കുവെക്കുന്നുമുണ്ട്.

കലശമലയ്ക്ക് പേരുകൾ പലതാണ്. കല്ലഴിക്കുന്ന്, നരിമടക്കുന്ന് അങ്ങനെയങ്ങനെ പലതുണ്ട് പേരുകൾ. പരാപോളിക് ആകൃതിയിലുള്ള ചെങ്കൽ കുന്നാണ് കലശമല . ഒരുഭാഗത്ത് പ്രകൃതി നിർമിച്ച ഗുഹയാണ് കുന്നിലെ ആകർഷണം. പിറകിലൂടെ അല്പം താഴേക്ക് ഇറങ്ങിയാൽ ഒരു പീഠം പോലെ പറയുണ്ട്. അതിൽ ഇരുന്നാണ് തൂവാനത്തുമ്പികളിൽ മേൽപ്പറഞ്ഞ സീക്വന്റ്സിന്റെ ഒരു ഭാഗം ചിത്രീകരിച്ചത്. പണ്ടൊക്കെ ഗുഹാമുഖത്തേക്ക് പലതരം വഴികൾ ഉണ്ടായിരുന്നു. കാലത്തിനിപ്പുറം എല്ലാം തൂർന്നില്ലാതായി.
തൂവാനത്തുമ്പികൾ മാത്രമല്ല, ഒട്ടനവധി ചിത്രങ്ങൾക്ക് ഇടം ആയിട്ടുണ്ട് കലശമല . പൊന്തൻമാട , കാതിൽ ഒരു കിന്നാരം, കുടമാറ്റം, ഓർമ്മ പെണ്ണിന് ഉരിയാടാ പയ്യൻ, ഹൗ ഓൾഡ് ആർ യു , പട്ടണത്തിൽ ഭൂതം അങ്ങനെയങ്ങനെ എത്രയോ ചിത്രങ്ങൾ. തെലുങ്ക് ഉൾപ്പെടെയുള്ള അന്യഭാഷ സിനിമകളും ഇവിടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

കലശമലയ്ക്ക് താഴെ ഒരു ശിവക്ഷേത്രമുണ്ട്. ശിവ ക്ഷേത്രത്തോട് ചേർന്ന് ഒരു ചോലക്കാടും. അപൂർവ്വ സസ്യമായ കുളവെട്ടി മരങ്ങളാൽ സമൃദ്ധമാണ് ഇവിടുത്തെ കാട്. ഞാവൽ വിഭാഗത്തിലുള്ള സൈസിജിയം ട്രാവൻകൂറിയം എന്നാണ് ഈ സസ്യത്തിന് പേര്. സംരക്ഷണം ഇല്ലാത്തതിനാൽ ഈ കാട് നാശത്തിന്റെ വക്കിൽ ആണ് എന്ന് പറയേണ്ടിവരും. എക്കാലത്തും തെളി നീരൊഴുകിയിരുന്ന പാറയിടുക്കുകളും ഇന്ന് ഇല്ലാതായിരിക്കുന്നു. ശിവൻ്റെ ജഡ പോലെ ക്ഷേത്രത്തിൻറെ പശ്ചാത്തലത്തിൽ ഇപ്പോഴും ഹരിത സമൃദ്ധിയായി ശേഷിക്കുന്നുണ്ട് കുളവെട്ടിക്കാട്.
തൃശ്ശൂർ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട് ഇപ്പോൾ കലശമല . ഇവിടുത്തെ ജനപ്രതിനിധിയായ എസി മൊയ്തീന്റെ ശ്രമഫലമായി ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചു. വ്യൂ പോയിന്റുകൾ, കഫ്ത്തേരിയ, കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ തുടങ്ങി പലതും കലശമലയിൽ ഇപ്പോൾ ഉണ്ട്. ഗുഹാമുഖത്ത് കയറിനിന്ന് അസ്തമയം ആസ്വദിക്കാം. കണ്ണത്താ ദൂരത്തുള്ള മലനിരകളും, വയലേലകളും ഒരുക്കുന്ന കാഴ്ചകൾ മനോഹരമാണ്.

സാഹിത്യകാരൻ സി വി ശ്രീരാമൻറെ നാടാണിത്. അന്തരിച്ച കവി മാധവൻ അയ്യപ്പത്തിൻ്റെ ജൻമദേശമാണിത്. ഗാന രചയിതാക്കളും കവികളുമായ റഫീഖ് അഹമ്മദിൻ്റെയും ബി കെ ഹരിനാരായണന്റെയും ഭൂമിയാണിത്. ആ വിധം അതീവ പ്രാധാന്യം ഈ നാടിനുണ്ട്.
കലശമലയിലേക്ക് പല വഴികൾ ഉണ്ട്. കുന്നംകുളത്തുനിന്ന് 5 കിലോമീറ്റർ ആണ് ദൂരം. ചൊവ്വന്നൂർ വഴിയും, അകതിയൂർ വഴിയും അയ്യംപറമ്പ് വഴിയും, പാറേമ്പാടം വഴിയും എല്ലാം കലശമലയിൽ എത്താം. ഗൂഗിൾ മാപ്പിൽ ഈ ഇടമുണ്ട്. അരദിവസം ചിലവിടാവുന്ന കാഴ്ചകൾ ഉണ്ട് ഈ മണ്ണിൽ. സ്വച്ഛത ആഗ്രഹിക്കുന്നവർക്ക് സ്വാഗതമേകുന്നുണ്ട് കലശമല.
