ചെയർമാന്റെ ഏകപക്ഷീയമായ ഇടപെടൽ ക്രമക്കേടുകൾക്ക് വഴിയൊരുക്കി എന്നാണ് എസ് ഐ ടി യുടെ കണ്ടെത്തൽ. സെക്രട്ടറിയും അംഗങ്ങളും നൽകിയ മൊഴി ആണ് കുരുക്ക് മുറുക്കിയത്.
പി എസ് സി പരീക്ഷകളിൽ ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ പാനൽ, എഴുത്തു പരീക്ഷയുടെ മൂല്യനിർണയം നടത്തുന്നവരെ തിരഞ്ഞെടുക്കുന്നത്, അഭിമുഖങ്ങൾക്കുള്ള പാനൽ തുടങ്ങി എല്ലാം തീരുമാനിക്കുന്നത് ചെയർമാൻ നേരിട്ടാണെന്നാണ് എസ് ഐ ടി യുടെ കണ്ടെത്തൽ. ചെയർമാൻ എം ആർ ബൈജുവിൻ്റെ ഏകപക്ഷീയമായ ഇടപെടലിനെ കുറിച്ച് സെക്രട്ടറിയും അംഗങ്ങളും കൃത്യമായ മൊഴി നൽകിയിട്ടുണ്ട്. ചെയർമാൻ ഉൾപ്പെടെയുള്ള CPIM അനുഭാവികളുടെ ഒരു ഗ്രൂപ്പാണ് പി എസ് സി യിൽ കാര്യങ്ങൾ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും എന്നതാണ് മൊഴി. പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ ചെയർമാൻ മുൻകൂട്ടി അറിഞ്ഞിരുന്നുവെന്നും കമ്മീഷൻ അംഗങ്ങളുടെ മൊഴി ഉണ്ട്.
വേണ്ടപ്പെട്ട ഉദ്യോഗാർത്ഥിയെ തസ്തികയിൽ നിയമിക്കുന്നതിനായി ആസൂത്രിത ഇടപെടൽ നടത്തിയതായാണ് വിലയിരുത്തൽ. പ്രതി ചേർക്കും മുമ്പ് ഒരിക്കൽ കൂടി ചെയർമാനെ ചോദ്യം ചെയ്യും. ഒപ്പം നിയമോപദേശവും നൽകും. ചെയർമാനെ ഇന്നലെ എസ് ഐ ടി വിളിപ്പിച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധി വന്നതിനുശേഷം ഹാജരാകാമെന്നാണ് എസ് ഐ ടിയെ ബൈജു അറിയിച്ചത്. നോട്ടീസ് നൽകി വീണ്ടും വിളിച്ചു വരുത്താനാണ് SIT നീക്കം.
അതിനിടെ ഡിവൈ.എസ്.പി റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരൻ ജിതിൻ വധശ്രമക്കേസിലെ പ്രതിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിയമന നടപടികൾ നിർത്തിവെച്ചിരിക്കുകയാണ് സർക്കാർ. 2022 ൽ കൊച്ചി സിറ്റി പോലീസ് ആണ് ജിതിനെതിരെ കേസെടുത്തത്.
