ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾക്കെതിരെയാണ് രൂക്ഷവിമർശനം ഉന്നയിക്കുന്നത്. വയനാട് ടൗൺഷിപ്പ് സന്ദർശനവേളയിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖിനെ മമ്മൂട്ടി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. സൈബർ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയ പി ജയരാജൻറെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും അണികൾ വിമർശനം തുടരുകയാണ്.
ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളായ എം വിജിൻ, ചിന്ത ജെറോം, പിഎസ് സഞ്ജീവ്, എം ശിവപ്രസാദ് എന്നിവരാണ് മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ ഇവർ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും നവമാധ്യമങ്ങളിൽ വന്നു. ഇതിന് പിന്നാലെയാണ് ഇടതു സൈബർ സംഘം രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്. ഈ വിഷയം അവതരിപ്പിക്കുന്ന വാർത്തകൾക്ക് താഴെയും നേതാക്കളുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെയും മമ്മൂട്ടിക്കെതിരെ ആക്രമണമാണ് നടക്കുന്നത്. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ മമ്മൂട്ടി അപമാനിച്ചത് മരണം വരെ മറക്കില്ല, പാർട്ടിയേക്കാൾ വലുതല്ല ഒരു കലാകാരനും, അഴകിയ രാവണൻ അൽപനാണ് തുടങ്ങി പലതരം കമൻറുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മമ്മൂട്ടിക്കെതിരെ നടക്കുന്ന പ്രചാരണത്തിനെതിരെ രംഗത്തെത്തിയ പി ജയരാജൻറെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും അണികളുടെ രോഷം ആളിക്കത്തുകയാണ്.
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്ന കെ റഫീഖിനോട് നിങ്ങൾ എന്തിനാണ് തനിക്കൊപ്പം നിൽക്കുന്നതെന്നും നിങ്ങൾക്ക് വേണ്ടിയാണ് താൻ വന്നത് എന്ന് മറ്റുള്ളവർ കരുതില്ലെ എന്നുമായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. സംഭവത്തിന് പിന്നാലെ മമ്മൂട്ടിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് മമ്മൂട്ടിയെ പിന്തുണച്ച് കെ റഫീഖ് തന്നെ രംഗത്തുവന്നിരുന്നു. മമ്മൂട്ടി പിന്നീട് വീഡിയോകോൾ വിളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതാണ്. അവസാനിച്ച വിഷയം വീണ്ടും ഉയർന്നുവരുന്നത് ശരിയല്ലെന്നും ഇക്കാര്യത്തിൽ ഇനി പ്രതികരിക്കാനില്ലെന്നുമാണ് കെ റഫീഖിൻറെ നിലപാട്.
